Our Leaders

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ
പാണക്കാട്
1913-1975

1913 ജനുവരി 20ന് സയ്യിദ് മുഹമ്മദ് കോയഞ്ഞികോയ തങ്ങളുടെയും ഉമ്മു ഹാനിഅ ബീവിയുടെയും പുത്രനായി മലപ്പുറം ജില്ലയിൽ പാണക്കാട് എന്ന സ്ഥലത്ത് ജനിച്ചു. പാണക്കാട് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പള്ളിദർസുകളിൽ നിന്നും മതപഠനം പൂർത്തിയാക്കി. 1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കുശേഷം അതിൽ ചേർന്നു. തുടർന്ന് ഏറനാട് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻറായി. 1948-ൽ ഹൈദരാബാദ് ആക്ഷൻ കാലത്ത് രണ്ടാഴ്ച ജയിൽ വാസം. മലപ്പുറം ജില്ല രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായി. ഒരു തവണ കോഴിക്കോട് ജില്ല മുസ്ലിം ലീഗിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ഇതേ സമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രധാന പ്രവർത്തകരിലൊരാളും സംസ്ഥാന പ്രസിഡന്റും ആയിരുന്നു പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ (1913-1975).ഇദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടർ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സമസ്ത കേരള സുന്നി യുവജന സംഘംത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ എന്ന പേരിലാണ് പ്രഖ്യാതനായത് 1973 മുതൽ മുസ്ലീം ലീഗ് പ്രസിഡന്റായി തുടർന്നുവരികയായിരുന്ന തങ്ങൾ 1975 ജൂലൈ 6ന് 62ആം വയസ്സിൽ പാണക്കാട് വെച്ച് അന്തരിച്ചു.മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദിൽ സംസ്കരിച്ചു.