ഹാജി സീതി മുഹമ്മദിന്റെയും എ.കെ. ഫാത്വിമയുടേയും മകനായി 1899 ൽ കൊടുങ്ങല്ലൂരിലെ അഴീക്കോട് നമ്പൂതിരിമഠം തറവാട്ടിലാണ് സീതി സാഹിബ് ജനിച്ചത്. കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർ മീഡിയറ്റ് കോഴ്സും മികച്ച രീതിയിൽ പൂർത്തിയാക്കി. പിന്നീട് ബി.എയും ബി.എല്ലും കരസ്ഥമാക്കി. നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം 1927 ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. നിയമരംഗത്ത് മികവുകാട്ടിയ അദ്ദേഹം എറണാംകുളത്തും തലശ്ശേരിയിലും വക്കീലായി ജോലിചെയ്തു.മികച്ച അഭിഭാഷകൻ, രാജ്യതന്ത്രജ്ഞൻ, എഴുത്തുകാരൻ, പ്രതിഭാധനനായ പ്രഭാഷകൻ എന്നീ നിലകളിലാണ് സീതി സാഹിബ് അറിയപ്പെടുന്നത്. 1934 ൽ നിലവിൽ വന്ന ചന്ദ്രിക ദിനപത്രത്തിന്റെ സ്ഥാപകാംഗമായിരുന്ന അദ്ദേഹം മുസ്‌ലിം നവോത്ഥാനത്തിനായി പോരാടിയ നിരവധി വ്യക്തികളെ വലിയ അളവിൽ സ്വാധീനിച്ചു. ചന്ദ്രികയുടെ ആദ്യ പത്രാധിപരായിരുന്ന കെ.കെ. മുഹമ്മദ് ഷാഫി, ആദ്യ മാനേജിംഗ് ഡയറക്ടറായിരുന്ന സി.പി. മമ്മുക്കേയി, പാർലമെന്റേറിയനായിരുന്ന ബി. പോക്കർ സാഹിബ് എന്നിവരെല്ലാം അക്കൂട്ടത്തിൽ പെടുന്നു. കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിന്റെ വിദ്യഭ്യാസ രംഗത്ത് സുപ്രധാന പങ്കുവഹിക്കുന്ന കോഴിക്കോട്ടെ ഫാറൂഖ് കോളേജിന്റെ സ്ഥാപകാംഗം കൂടിയായിരുന്നു സീതിസാഹിബ്. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി കെ.എം.ഇ .എ (കേരള മുസ്‌ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ) സ്ഥാപിക്കാൻ മുഖ്യ പങ്കു വഹിച്ചു. മുസ്‌ലിം സ്റ്റുഡന്റസ് ഫെഡറേഷൻ (എം.എസ്.എഫ് ) സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്. ടി.യു ) എന്നിവയുടെ സ്ഥാപകനാണ് കേരള സംസ്ഥാനം രൂപവൽകരിക്കപെട്ടതിനു ശേഷം 1960 ൽ കുറ്റിപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ച് സീതി സാഹിബ് നിയമസഭയിലേക്ക് വിജയിച്ചു. 1960 ഫെബ്രുവരി 22 ന് പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ അദ്ദേഹം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.1961ഏപ്രിൽ17 ന് സ്പീക്കാർ പദവിയിൽ ആയിരിക്കേയാണ് അദ്ദേഹം മരണമടയുന്നത്. കൊടുങ്ങല്ലൂർ അഴിക്കോട് പുത്തൻപള്ളി ഖബർസ്ഥാനിലാണ് അന്ത്യ വിശ്രമം